2009 നവംബർ 13, വെള്ളിയാഴ്‌ച

ഇവളെന്റെ സ്നേഹിത

വിമാനം വളരെ താഴ്‌ന്നു പറക്കുകയാണ്.ലാന്‍ഡ്‌ ചെയ്യാന്‍ തുടങ്ങുകയാണെന്ന് തോന്നുന്നു.ഞാന്‍ താഴേക്ക്‌ നോക്കി.എന്തെന്നില്ലാത്ത സന്തോഷം.ഒരു വര്‍ഷത്തെ പ്രവാസം.പക്ഷെ പത്തു വര്ഷം ആയതു പോലെ തോന്നുന്നു.അമ്പലത്തിലെയും പള്ളികളിലെയും ശബ്ദം .... അരണ്ട വെളിച്ചം എല്ലാം വല്ലാത്ത സന്തോഷം തരുന്നു.വിമാനം ലാന്‍ഡ്‌ ചെയ്തു.ഞങ്ങള്‍ പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങി.പെട്ടെന്ന് തന്നെ എല്ലാം ക്ലിയര്‍ ചെയ്തു പുറത്തേക്കിറങ്ങാന്‍ ഓരോരുത്തരും തിരക്ക് കൂട്ടുകയാണ്.ഒടുവില്‍ പുറത്തേക്കു...ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട് എയര്‍ പോര്ടിലേക്ക് കയറി.അധികം സാധനങ്ങള്‍ ഇല്ലാത്തതുകൊണ്ട് പ്രയാസമുണ്ടായില്ല.പുറത്തേക്കു ഇറങ്ങി ചുറ്റും കണ്ണോടിച്ചു.എല്ലായ്പോഴും എന്നെ കൂട്ടി പോകാനായി വരുന്നത് അച്ച്ചനായിരുന്നു.എന്നാല്‍...ഒരു നെടുവീര്‍പ്പുതിര്‍ത്തുകൊണ്ട് പുറത്തേക്കു വന്നു."യാത്ര ഒക്കെ സുഘമാല്ലയിരുന്നോ?"അളിയനാണ് ,ഒപ്പം എന്റെ സുഹൃത്തായ മുരളിയും." കുഴപ്പമൊന്നും ഇല്ലായിരുന്നു".പറഞ്ഞു തീരുമ്പോഴേക്കും പോകാനുള്ള കാര്‍ എത്തിക്കഴിഞ്ഞു.ഞാന്‍ കാറിലേക്ക് കയറി ഇരുന്നു.പിന്നെ നാട്ടു വിശേഷങ്ങള്‍.ഞാന്‍ എല്ലാം കേട്ടിരുന്നു."നമുക്ക് ശംഖും മുഖത്ത് നിര്‍ത്തി നോക്കാം ചിലപ്പോള്‍ നല്ല മീന്‍ ഉണ്ടാവും".അളിയന്‍ പറഞ്ഞു.ഞാനും സമ്മതിച്ചു.കാര്‍ ഒരു മുക്കുവത്ത്തിയുടെ അടുത്ത് നിര്‍ത്തി.ഗള്‍ഫ്‌ ആണെന്ന് മനസിലായത് കൊണ്ട് വില ചോതിച്ചതോന്നും ഒരു കൂടുതലായി അവര്‍ക്ക് തോന്നിയില്ല.മീന്‍ വാങ്ങി കാറിലേക്ക് കയറി ഞങ്ങള്‍ വീണ്ടും യാത്ര ആയി."എടാ രണ്ടു ദിവസം കൂടി മുന്നേ വന്നിരുന്നെങ്കില്‍ നിനക്ക് ശ്രീലക്ഷ്മിയെ ജീവനോടെ കാണാമായിരുന്നു.ഇന്നലെ അവള്‍ മരിച്ചു.കഷ്ട്ടമായി പോയി.ഒരു കണക്കിന് മരിച്ചത് നന്നായി".ആരോടെന്നില്ലതേ മുരളി പറഞ്ഞു.പാവം ശ്രീലക്ഷ്മി ഞാന്‍ മനസ്സില്‍ ഓര്‍ത്തു.അവളെ ആദ്യമായി കാണുന്നത് ഡോക്ടര്‍ ബിജുവിന്റെ ഹോസ്പിറ്റലില്‍ വച്ചാണ്.ഞാനന്ന് പാരലല്‍ കോളേജില്‍ പഠിപ്പിക്കുകയാണ്.സ്കൂട്ടറില്‍ നിന്ന് ഉരുണ്ടു വീണു കാല് കുറച്ചു മുറിഞ്ഞു.അങ്ങിനെയാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.ഏതായാലും രണ്ടു ദിവസം അവിടെ കിടക്കാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചു.അങ്ങിനെ ഞാന്‍ അവിടെ അഡ്മിറ്റായി.തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുകയാണ് ശ്രീലക്ഷ്മി.വെളുത്തു കൊലുന്നനെയുള്ള സുന്ദരിയായ ശ്രീലക്ഷ്മി.ആകര്‍ഷകമായ കണ്ണുകള്‍.ഭംഗിയുള്ള കണ്ണുകള്‍ എങ്ങിലും വല്ലാത്ത വേദന കണ്ണുകളില്‍ വായിക്കാമായിരുന്നു.വൈകിട്ട് ഡോക്ടര്‍ വന്നപ്പോള്‍ എന്നെ പരിചയപ്പെടുത്തി.ഒരു പ്രത്യക രോഗമാണ് അവള്‍ക്കു.കാലിന്റെ ഉപ്പൂറ്റി പഴുക്കുന്നു.ഓപ്പറേഷന്‍ ചെയ്തു ഒന്നോ രണ്ടോ മാസം ആകുമ്പോഴേക്കും വീണ്ടും അത് പോലെ.വല്ലാതെ വേദന സഹിക്കുന്നുണ്ടെന്നു അവളെ കാണുമ്പൊള്‍ തന്നെ നമുക്ക് മനസിലാകും.വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ സുഹൃത്തുക്കളായി.കാലുകളിലെ വേദനയെക്കാള്‍ കൂടുതലായി അവളുടെ ഹൃദയം വേദനിക്കുന്നു എന്നെനിക്കു മനസിലായി.നല്ല സാമ്പത്തിക ശേഷിയുള്ള ഒരു വീട്ടിലെ ഒരേ ഒരു മകളായിരുന്നു അവള്‍.പഠിക്കാന്‍ പോകുന്ന ബസിലെ ഡ്രൈവര്‍ ബാബുവുമായി അടുപ്പത്തിലായ അവള്‍ക്കു അയാളെ കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്നായി.ആദ്യമൊക്കെ വീട്ടുകാര്‍ എതിര്‍ത്ത് നോക്കി എന്നാല്‍ വാശിക്കാരി ആയിരുന്ന അവളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.അങ്ങിനെ അവരുടെ വിവാഹം ആര്‍ഭാടമായി തന്നെ നടന്നു.വളരെ താമസിയാതെ അവളില്‍ രോഗം കണ്ടു തുടങ്ങി.ആദ്യമൊക്കെ അതൊരു സാധാരണ രോഗമാണെന്ന് കരുതിയെങ്ങിലും....അത് കാന്‍സര്‍ പോലെ ഒരസുഘമാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു ഡോക്ടര്‍മാര്‍.അതാ വീടിനെ ആകെ തളര്‍ത്തി.ഇതൊക്കെ ശ്രീലക്ഷ്മി പറയുമ്പോഴും അവള്‍ നിരവികാരയായിരുന്നു.ഇടയ്ക്കു തമാശ പോലെയാണ് അവള്‍ പറഞ്ഞത്.മരണത്തെ കണ്മുന്നില്‍ കണ്ടിട്ടും പതറാത്ത അവളുടെ മനോ ധൈര്യം എന്നെ അതിശയിപ്പിച്ചു.എന്നാല്‍ പിന്നീട് അവള്‍ പറഞ്ഞത് കേട്ടപ്പോള്‍ നിര്‍വികാരത എന്താണെന്നു എനിക്ക് മനസിലായി.അവളുടെ അസുഖം അറിഞ്ഞ ശേഷം ബാബു അവിടെ നിന്നും പോയി.അപ്പോള്‍ അയാള്‍ക്ക് ഗവണ്മെന്റ് ജോലിയും കിട്ടിയിരുന്നു.ഒടുവില്‍ അയാള്‍ മറ്റൊരു വിവാഹം കഴിച്ചു.അവള്‍ ചിരിച്ചു ഇത് പറയുമ്പോള്‍.എന്നാല്‍ ഉള്ളില്‍ ഒരു കടല്‍ ഇരമ്പുന്നത് ഞാന്‍ കേട്ട്."എനിക്ക് വിഷമം ഇല്ല സര്‍ (പാരലല്‍ കോളേജില്‍ പഠിപ്പിച്ചിരുന്നത് കൊണ്ട് എന്നെ സാര്‍ എന്നാണ് അവള്‍ വിളിച്ചിരുന്നത്)
ഞാനില്ലതായാലും ബാബുവേട്ടന് ജീവിക്കണ്ടേ?ഒരു കണക്കിന് നന്നായി.എനിക്ക് സമാധാനത്തോടെ മരിക്കാമല്ലോ".ഇടയ്ക്കു അവള്‍ തേങ്ങിയോ?അറിയില്ല.രണ്ടു നാള്‍ക്കു ശേഷം ഞാന്‍ വീട്ടിലേക്കു പോയി.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ഡോക്ടര്‍ ബിജുവിനെ കണ്ടു.അപ്പോഴേക്കും ശ്രീലക്ഷ്മി ഡിസ്ചാര്‍ജ് ചെയ്തു പോയിരുന്നു.ഞാനവളെ കുറിച്ച് ഡോക്ടറോട് ചോദിച്ചു.ഒരു പ്രതീക്ഷയും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാല്‍ ശ്രീലക്ഷ്മിയുടെ ചില ധാരണകളില്‍ പിഴവുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു.അതൊരു വിഷമിപ്പിക്കുന്ന സത്യം തന്നെ ആയിരുന്നു.ശ്രീലക്ഷ്മിയുടെ ഭര്‍ത്താവു അവള്‍ കരുതും പോലെ മറ്റൊരു വിവാഹം കഴിച്ചു പോയതല്ല......മറിച്ച്, അവളുടെ വേദന കണ്ടു ....മനം മടുത്തു തൂങ്ങി മരിക്കുകയായിരുന്നു.....!എന്നാല്‍ വിവരമൊന്നും ആരും അവളെ അറിയിച്ചില്ല.ഡോക്ടര്‍ എന്നോട് പ്രത്യകം പറഞ്ഞു ഞാനായി അവളെ അത് അറിയിക്കരുതെന്ന്.ഇല്ലെന്നു ഞാന്‍ ഡോക്ടര്‍ക്ക്‌ ഉറപ്പു കൊടുത്തു.അയാള്‍ വേറെ വിവാഹം കഴിച്ചു എങ്കില്‍ ആയിക്കോട്ടെ പക്ഷെ എന്നെ ഒരിക്കലെങ്കിലും ഒന്ന് വന്നു കണ്ടിരുന്നെങ്കില്‍....അവള്‍ പലപ്പോഴും എന്നോട് ഇങ്ങിനെ പറഞ്ഞിട്ടുണ്ട്.ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറായപ്പോള്‍ ഞാന്‍ അവളെ കാണാന്‍ ചെന്ന്.തീരെ അവശ ആയിരുന്നു അവള്‍."സാര്‍ ഇന്നി വരുമ്പോള്‍ ......ഞാനുണ്ടാവില്ല ......".അവളതു പറയുമ്പോള്‍ കണ്ണുകള്‍ നനഞിരുന്നു.അങ്ങിനെ ഒന്നും പറയരുത്.ഞാന്‍ അവളോട്‌ പറഞ്ഞു.അവള്‍ പറഞ്ഞത് പോലെ സംഭവിച്ചിരിക്കുന്നു."നീ എന്താ ആലോചിക്കുന്നെ?വീടെത്തി ഇറങ്ങിന്നില്ലേ?" മുരളിയുടെ ചോദ്യം എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.

2009 നവംബർ 1, ഞായറാഴ്‌ച

കവിത - സ്നേഹം

ഒന്നുമറിയാതീ നിദ്രയില്‍ ലയിക്കുവാ-
നോര്‍മ്മകളേയെനിക്കൊന്നു വിട തരൂ....
ഓര്‍ക്കരുതെന്നു നിനചു ഞാന്‍ വക്കുന്ന-
കാര്യങള്‍ മാത്രമാണോര്‍മ്മയിലെത്തുക....!
വല്ലാതെനിക്കു മടുത്തു പോയീജന്മം..,
എന്തുകൊണ്ടാണെന്നറിയില്ലെനിക്കിന്നു.
സ്നേഹത്തിന്‍ തീച്ചൂളക്കുള്ളിലായ് തേങുന്ന-
ആത്മാവു വല്ലതെ നീറിപ്പുകയുന്നു.....!
സ്നേഹമാണേറ്റം വലുതെന്നു പാടിയ
ദാര്‍ശനീകരേ പിഴച്ചു പോയ് നിങള്‍ക്കു....!
ദു:ഖ‌ത്തിന്‍ കാരണമന്വേഷിചു പൊയ
ബുദ്ധനും ജൈനനും തെറ്റു പറ്റി......!
സ്നേഹം പോല്‍ ദു:ഖ‌ത്തിന്‍ കാരണമായതു..
മൂന്നു ലൊകത്തിലും കാണുകില്ല.....!
കാപഠ്യമേലാതെ സ്നേഹിചു പോയലോ
ജന്മം മുഴുവനും ദു:ഖ‌മല്ലൊ ഫലം.....!
സ്നേഹംകൊണ്ടൊന്നു നാം ബന്ധിച്ചു പോയാലോ
ചങലയേക്കാള്‍ കഠിനമല്ലോയതു...
പുതുതായി സ്നേഹം തുടങിയെന്നാലോ...
പുതിയൊരു ദു:ഖം തുടങിയെന്നര്‍ത്ധം....!
സ്നേഹമാണല്ലോയീ ദു:ഖ‌ത്തിന്‍ കാരണം
സ്നേഹിക്ക വേണ്ടയെനിക്കിനി ആരേയും.....!
എല്ലാം മറന്നെനിക്കൊന്നു മയങണം....
ഓര്‍മ്മകളെയെനിക്കൊന്നു വിട തരൂ.......!

2009 സെപ്റ്റംബർ 8, ചൊവ്വാഴ്ച

കഥ - ഓട്ടവിളക്ക്

രാവിലെ ജോലിക്ക് പോകാന്‍ പുറത്തേക്കു ഇറങ്ങിയപ്പോഴാണ് ഒരാള്‍ക്കൂട്ടം
കണ്ടത്.എന്നാല്‍ എന്താണെന്ന് നോക്കാമെന്ന് കരുതിയാണ് അവിടേക്ക് ചെന്നത്.
“എന്താ ഒരാള്‍ക്കൂട്ടം“? ഞാന്‍ സതീശനോട് ചോദിച്ചു.
ഈ അറബിരാജ്യത്തില്‍ ഞാന്‍ എത്തിപ്പെട്ടിട്ട് അധികം
നാളുകളായിട്ടില്ല;എനിക്കിവിടെ അധികം പരിചയക്കാരില്ലെങ്കിലും സതീശനെ നേരിയ
പരിചയമുണ്ട്.അയാള്‍ ഒരു.കാര്‍പെന്റര്‍ ആണെന്നറിയാം .
“ജലാല്‍ ഇന്നലെ രാത്രി മരിച്ചു“ സതീശന്‍ പറഞ്ഞു
രണ്ടുമൂണു തവണ ജലാലിനെ കണ്ടത് ഞാന്‍ ഓര്‍ത്തു.അയാള്‍ ഒരു
ഭ്രാന്തനായിരിക്കുംഎന്നാണ് കരുതിയത്. അയാളുടെ കണ്ണുകളീല്‍ തുളുമ്പി
നില്‍ക്കുന്ന വിഷാദഭാവം ഇന്നലേയും ഞാന്‍ ശ്രദ്ധിച്ചിരുന്നു ...
ഇന്ന് അയാള്‍ മരിച്ചിരിക്കുന്നു....
“ഇയാള്‍ക്ക് ബന്ധുക്കള്‍ ആരുംഇല്ലേ“?
അയാളുടെ വിറങ്ങലിച്ച മൃതശരീരം കണ്ട് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ സതീശനോട് ചോദിച്ചു
“ഉണ്ട് എല്ലാവരും ഉണ്ട് ,എന്നാല്‍ ആരും ഇല്ല അതായിരുന്നു അയാളുടെ അവസ്ഥ“
സതീശന്‍ മറുപടിപറഞ്ഞു.

“താനിവിടെ പുതിയതയതുകൊണ്ടാ, ഇവിടെ ഉള്ള എല്ലാ പേര്‍ക്കും വര്‍ഷങ്ങളായി
അറിയുന്ന ആളാണ് ജലാല്‍. മുപ്പതു വര്‍ഷമായി ഇവിടെ ഒമാനില്‍ വന്നിട്ട്“.
അയ്യോ..! ഞാന്‍ അമ്പരന്നു പോയി.
ഞാന്‍ ഒമാനില്‍ വന്നിട്ട് കഷ്ടിച്ച് ഒരു മാസം ആകുന്നതെയുള്ളു എങ്കിലും
ജന്മനാടു വിട്ടിട്ട് യുഗങ്ങള്‍ കഴിഞ്ഞപോലെ തോന്നുന്നു.എങ്ങിനെയും രണ്ടു
വര്‍ഷം നില്‍ക്കണം,പണമുണ്ടാക്കണം പിന്നെ ജന്മനാട്ടിലേയ്ക്ക് തിരിച്ചു
പോകണം അതായിരുന്നു എന്റെ കണക്കു കൂട്ടല്‍.ഇവിടേ വന്നതു മുതല്‍ വല്ലാത്ത
വീര്‍പ്പുമുട്ടലാണ്.ഒരു തരം യാന്ത്രികമായ ജീവിതം.വേട്ടയാടുന്ന ഏകാന്തത.
നീണ്ട മുപ്പതു വര്‍ഷക്കാലം ഈ മനുഷ്യന്‍ എങ്ങനെ ഇവിടെ ജീവിച്ചു..
ഓ.. എനിക്കത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല...!. എന്റെ മനോഗതം

മനസിലാക്കിയിട്ടെന്ന പോലെ സതീശന്‍ തുടര്‍ന്നു.
“ആരും പൂര്‍ണ മനസോടെയല്ല ഇവിടെ നില്‍ക്കുന്നത്.നാട്ടില്‍ ചെന്നാല്‍ എന്ത്
ചെയ്യും..!?പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബം..ആ കുടുംബത്തിനു വേണ്ടി

നമ്മള്‍ ഓരോരുത്തരും ഇവിടെ ഉരുകി തീരുകയാണ്.മെഴുക് തിരിപോലെ...!നമ്മള്‍
കത്തിയെരിയുമ്പോള്‍ ആ പ്രകാശത്തില്‍ നമ്മുടെ കുടുംബം മുന്നോട്ടു

പോകുന്നു.ഒടുവില്‍ തിരികെ പോകുമ്പോള്‍....മാറാ രോഗങ്ങള്‍
മാത്രം...!അല്ലെങ്കില്‍ ഒരു പക്ഷെ ജലാലിന്റെ അവസ്ഥ...! “
സതീശന്‍ ഒരു നിമിഷം നിര്‍ത്തിയിട്ട് എന്റെ കണ്ണുകളിലേക്കു നോക്കി

വിദ്യാഭ്യാസം ഉള്ള ആളല്ലേ? ഇവിടെ അധികം നില്‍ക്കാന്‍ നോക്കരുത്..! ഉപദേശ
രൂപേണ അയാള്‍ പറഞ്ഞു
“ഒരിക്കല്‍ ഇവിടേ വന്നു പെട്ടുപോയാല്‍..ഒരു തിരിച്ചു പോക്ക്...!“ അയാള്‍
അതിശയോക്തിയില്‍ നിര്‍ത്തി
“ഞാന്‍ ഇവിടെ വന്നിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു.ഇപ്പോള്‍ തന്നെ

ഷുഗര്‍,പ്രഷര്‍ എല്ലാം ഉണ്ട്.ഒരു ദീര്‍ഘ നിശ്വാസം എടുത്തു കൊണ്ട് അയാള്‍
തുടര്‍ന്നു.
“രാവിലെ നടക്കാന്‍ ഇറങ്ങിയതാ.ഡോക്ടര്‍ പറഞ്ഞു എല്ലാ ദിവസവും
നടക്കണമെന്ന്.ഷുഗര്‍ ഒത്തിരി കൂടുതല്‍ ആയിരുന്നു.രണ്ടു പെണ്‍കുട്ടികള്‍

ആണ്.പഠിപ്പിച്ചാല്‍ മാത്രം പോരല്ലോ,എന്തെങ്കിലും ഒക്കെ
കരുതിവച്ചില്ലെങ്കില്‍...! അയാളില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു..
“ജലാലിന് എന്താണ് സംഭവിച്ചത്?“
“അതൊരു ദീന കഥയാണ് സുഹൃത്തേ..ഞാന്‍ പറയാം..” അയാള്‍ നെറ്റിയിലെ
വിയര്‍പ്പുതുള്ളികള്‍ തുടച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു.

ഒരു സാധു കുടുംബത്തിലെ അംഗമായിരുന്നു ജലാല്‍.അഞ്ചു പെങ്ങള്‍മാര്‍ക്ക്
കൂടി ഒരേ ഒരു ആങ്ങള.ജലാലിനു പതിനേഴു വയസുള്ളപ്പോള്‍ ഉപ്പ
മയ്യത്തായി.അതോടെ വീട് നോക്കേണ്ട ചുമതല ജലാല്‍ ഏറ്റെടുത്തു.രണ്ടു വര്‍ഷം

കഴിഞ്ഞു കാണും.ജലാലിന്റെ മൂത്ത പെങ്ങള്‍ക്ക് ഒരു ആലോചന വന്നു.പക്ഷെ എന്ത്
ചെയ്യാന്‍....?എങ്കിലും ബന്ധുക്കള്‍ ഒരു ഉപായം പറഞ്ഞു കൊടുത്തു.ജലാല്‍
ആദ്യം കെട്ടുക. സ്ത്രീധനം കിട്ടുന്ന തുക കൊണ്ട് പെങ്ങളെ
കെട്ടിക്കുക.അങ്ങിനെ പെട്ടെന്ന് തന്നെ വിവാഹം കഴിഞ്ഞു.വളരെ വൈകാതെ തന്നെ
പെങ്ങളെയും കെട്ടിച്ചയച്ചു.അത് കൊണ്ട് കഴിഞ്ഞോ?പിന്നെയും നാലു

പേര്‍.അങ്ങിനെ രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ജലാലിന്റെ ഭാര്യയുടെ
ഒരു ബന്ധു ഇങ്ങോട്ട് വിസ സംഘടിപ്പിച്ചു കൊടുത്തു.താമസിച്ചിരുന്ന വീടും

പറമ്പും പണയപ്പെടുത്തിയാണ് ഇവിടെ എത്തിയത്.“ഇത് പറയുമ്പോഴേക്കും പോലീസ്
വണ്ടി വന്നു നിന്നു.

ജലാലിന്റെ ബോഡി ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോയി.എന്നോട് പോകാന്‍
തിരക്കുണ്ടോ എന്ന് സതീശന്‍ ചോതിച്ചു.ഇല്ലെന്നു ഞാന്‍ മറുപടി
നല്‍കി.അയാള്‍ തുടര്‍ന്നു

“ ജലാലിനു രണ്ടു കുട്ടികള്‍ ജനിച്ചിരുന്നു.അറബിയുടെ കൂടെ തുച്ചമായ
കൂലിക്ക് ജോലി ചെയ്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് തോന്നിയത്
കൊണ്ടാകാം ജലാല്‍ അറബിയുടെ അടുക്കല്‍ നിന്നും ഓടി പോയി.രാത്രിയെന്നോ
പകലെന്നോ ഇല്ലാതെ പണിയെടുത്തു എല്ലാ സഹോദരി മാരേയും കെട്ടിച്ചയച്ചു.ഒപ്പം
സ്വന്തം മകളെയും.മകന്റെ കല്യാണം കൂടി കഴിഞ്ഞതോടെ നാട്ടില്‍ നിന്നുള്ള

കത്തുകളും നിലച്ചു.എങ്കിലും ഭാര്യയുടെ പേര്‍ക്ക് മുടങ്ങാതെ പണമയച്ചു
കൊണ്ടിരുന്നു.പിന്നീട് നാട്ടില്‍ നിന്ന് വന്ന ഒരാള്‍ പറഞ്ഞാണ്‌ അറിഞ്ഞത്
- ജലാലിന്റെ ഭാര്യ മറ്റൊരാളോടൊപ്പം കഴിയുകയാണെന്ന്.......!“
എന്റെ മനസിലെ ഞെട്ടല്‍ അയാള്‍ തിരിച്ചറിഞ്ഞു.എന്റെ ചുമലില്‍ കൈവച്ചു
കൊണ്ട് സതീശന്‍ തുടര്‍ന്നു.അയാളുടേ മുഖത്തെ നിര്‍വികാര എന്നെ
അത്ഭുതപ്പെടുത്തി.ആയാള്‍ക്ക് ഇത് ആദ്യ അനുഭവമായിരിക്കില്ല എന്നു
തോന്നി.അയാള്‍ എത്ര പ്രവാസി ജീവിതങ്ങള്‍ കണ്ടതാണ്..
അയാള്‍ തുടര്‍ന്നു
“പിന്നീട് ജലാല്‍ ആരോടും അധികം സംസാരിച്ചിട്ടില്ല.രാത്രി കാലങ്ങളില്‍

എന്തൊക്കെയോ പുലമ്പി നടക്കുമായിരുന്നു.പക്ഷെ അതിനു ശേഷവും ഭാര്യക്ക്‌ പണം
അയക്കുന്നത് അയാള്‍ തുടര്‍ന്ന് കൊണ്ടിരുന്നു....!
ചോദിച്ചാല്‍ പറയും ; എനിക്കെന്തിനാടോ പണം? പിന്നെ ഞാന്‍ ആര്‍ക്കാ
കൊടുക്കുക ?എന്നൊക്കെ ..“
“അയാള്‍ ഭാര്യയേയുംകുട്ടികളേയും ഭ്രാന്തമായി സ്നേഹിച്ചിരുന്നു.മരിച്ചു
കിടക്കുമ്പോളും അയാള്‍ അവരുടെ ഫോട്ടോ നെഞ്ചോട് ചേര്‍ത്തുവച്ചിരുന്നു“
കുറച്ചു സമയം മൌനം ഞങ്ങള്‍ക്കു മുമ്പില്‍ തളം കെട്ടി നിന്നു.മനസിനു
വല്ലാത്ത മരവിപ്പ്..
“മൃതശരീരം എങ്ങോട്ടാണ് കൊണ്ടു പോകുന്നത്“ ? ഞാന്‍ ചോദിച്ചു
“അടുത്ത് ഒരു അറബ് ശ്മശാനമുണ്ട്.അനാഥ ശവങ്ങള്‍ മറവ് ചെയ്യുന്നിടം.അവിടേയ്ക്കാവും..“
സതീശന്‍ വീണ്ടും കാണാം എന്നു പറഞ്ഞു നടന്നു.മറഞ്ഞു.
മനസ് വല്ലാതെ വ്യാകുലമായിരിക്കുന്നു..കണ്മുന്നില്‍ ജലാലിന്റെ ദീന മുഖമാണ്..
ജീവിതം ആയാള്‍ക്കൊരു തടവറയായിരിന്നു
ഇന്ന് അയാള്‍ സ്വതന്ത്രനായിരിക്കുന്നു....
കുറച്ചു സമയത്തിനുള്ളീല്‍ പ്രവാസികളും,നിവാസികളുമായ ഒരു കൂട്ടം
അനാഥാത്മാക്കള്‍ക്കിടയില്‍ ജലാല്‍ ഒരു ഖബര്‍ മാത്രമായി മാറും.ആ ഖബറില്‍
മനസു കൊണ്ട് ഒരു പിടി പച്ചമണ്ണൂ വാരിയിട്ട് ഞാന്‍ ജോലി സ്ഥലത്തേയ്ക്ക്
നടന്നു.