2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കഥ - ഓട്ടവിളക്ക്

രാവിലെ ജോലിക്ക് പോകാന്‍ പുറത്തേക്കു ഇറങ്ങിയപ്പോഴാണ് ഒരാള്‍ക്കൂട്ടം
കണ്ടത്.എന്നാല്‍ എന്താണെന്ന് നോക്കാമെന്ന് കരുതിയാണ് അവിടേക്ക് ചെന്നത്.
“എന്താ ഒരാള്‍ക്കൂട്ടം“? ഞാന്‍ സതീശനോട് ചോദിച്ചു.
ഈ അറബിരാജ്യത്തില്‍ ഞാന്‍ എത്തിപ്പെട്ടിട്ട് അധികം
നാളുകളായിട്ടില്ല;എനിക്കിവിടെ അധികം പരിചയക്കാരില്ലെങ്കിലും സതീശനെ നേരിയ
പരിചയമുണ്ട്.അയാള്‍ ഒരു.കാര്‍പെന്റര്‍ ആണെന്നറിയാം .
“ജലാല്‍ ഇന്നലെ രാത്രി മരിച്ചു“ സതീശന്‍ പറഞ്ഞു
രണ്ടുമൂണു തവണ ജലാലിനെ കണ്ടത് ഞാന്‍ ഓര്‍ത്തു.അയാള്‍ ഒരു
ഭ്രാന്തനായിരിക്കുംഎന്നാണ് കരുതിയത്. അയാളുടെ കണ്ണുകളീല്‍ തുളുമ്പി
നില്‍ക്കുന്ന വിഷാദഭാവം ഇന്നലേയും ഞാന്‍ ശ്രദ്ധിച്ചിരുന്നു ...
ഇന്ന് അയാള്‍ മരിച്ചിരിക്കുന്നു....
“ഇയാള്‍ക്ക് ബന്ധുക്കള്‍ ആരുംഇല്ലേ“?
അയാളുടെ വിറങ്ങലിച്ച മൃതശരീരം കണ്ട് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ സതീശനോട് ചോദിച്ചു
“ഉണ്ട് എല്ലാവരും ഉണ്ട് ,എന്നാല്‍ ആരും ഇല്ല അതായിരുന്നു അയാളുടെ അവസ്ഥ“
സതീശന്‍ മറുപടിപറഞ്ഞു.

“താനിവിടെ പുതിയതയതുകൊണ്ടാ, ഇവിടെ ഉള്ള എല്ലാ പേര്‍ക്കും വര്‍ഷങ്ങളായി
അറിയുന്ന ആളാണ് ജലാല്‍. മുപ്പതു വര്‍ഷമായി ഇവിടെ ഒമാനില്‍ വന്നിട്ട്“.
അയ്യോ..! ഞാന്‍ അമ്പരന്നു പോയി.
ഞാന്‍ ഒമാനില്‍ വന്നിട്ട് കഷ്ടിച്ച് ഒരു മാസം ആകുന്നതെയുള്ളു എങ്കിലും
ജന്മനാടു വിട്ടിട്ട് യുഗങ്ങള്‍ കഴിഞ്ഞപോലെ തോന്നുന്നു.എങ്ങിനെയും രണ്ടു
വര്‍ഷം നില്‍ക്കണം,പണമുണ്ടാക്കണം പിന്നെ ജന്മനാട്ടിലേയ്ക്ക് തിരിച്ചു
പോകണം അതായിരുന്നു എന്റെ കണക്കു കൂട്ടല്‍.ഇവിടേ വന്നതു മുതല്‍ വല്ലാത്ത
വീര്‍പ്പുമുട്ടലാണ്.ഒരു തരം യാന്ത്രികമായ ജീവിതം.വേട്ടയാടുന്ന ഏകാന്തത.
നീണ്ട മുപ്പതു വര്‍ഷക്കാലം ഈ മനുഷ്യന്‍ എങ്ങനെ ഇവിടെ ജീവിച്ചു..
ഓ.. എനിക്കത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല...!. എന്റെ മനോഗതം

മനസിലാക്കിയിട്ടെന്ന പോലെ സതീശന്‍ തുടര്‍ന്നു.
“ആരും പൂര്‍ണ മനസോടെയല്ല ഇവിടെ നില്‍ക്കുന്നത്.നാട്ടില്‍ ചെന്നാല്‍ എന്ത്
ചെയ്യും..!?പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബം..ആ കുടുംബത്തിനു വേണ്ടി

നമ്മള്‍ ഓരോരുത്തരും ഇവിടെ ഉരുകി തീരുകയാണ്.മെഴുക് തിരിപോലെ...!നമ്മള്‍
കത്തിയെരിയുമ്പോള്‍ ആ പ്രകാശത്തില്‍ നമ്മുടെ കുടുംബം മുന്നോട്ടു

പോകുന്നു.ഒടുവില്‍ തിരികെ പോകുമ്പോള്‍....മാറാ രോഗങ്ങള്‍
മാത്രം...!അല്ലെങ്കില്‍ ഒരു പക്ഷെ ജലാലിന്റെ അവസ്ഥ...! “
സതീശന്‍ ഒരു നിമിഷം നിര്‍ത്തിയിട്ട് എന്റെ കണ്ണുകളിലേക്കു നോക്കി

വിദ്യാഭ്യാസം ഉള്ള ആളല്ലേ? ഇവിടെ അധികം നില്‍ക്കാന്‍ നോക്കരുത്..! ഉപദേശ
രൂപേണ അയാള്‍ പറഞ്ഞു
“ഒരിക്കല്‍ ഇവിടേ വന്നു പെട്ടുപോയാല്‍..ഒരു തിരിച്ചു പോക്ക്...!“ അയാള്‍
അതിശയോക്തിയില്‍ നിര്‍ത്തി
“ഞാന്‍ ഇവിടെ വന്നിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു.ഇപ്പോള്‍ തന്നെ

ഷുഗര്‍,പ്രഷര്‍ എല്ലാം ഉണ്ട്.ഒരു ദീര്‍ഘ നിശ്വാസം എടുത്തു കൊണ്ട് അയാള്‍
തുടര്‍ന്നു.
“രാവിലെ നടക്കാന്‍ ഇറങ്ങിയതാ.ഡോക്ടര്‍ പറഞ്ഞു എല്ലാ ദിവസവും
നടക്കണമെന്ന്.ഷുഗര്‍ ഒത്തിരി കൂടുതല്‍ ആയിരുന്നു.രണ്ടു പെണ്‍കുട്ടികള്‍

ആണ്.പഠിപ്പിച്ചാല്‍ മാത്രം പോരല്ലോ,എന്തെങ്കിലും ഒക്കെ
കരുതിവച്ചില്ലെങ്കില്‍...! അയാളില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു..
“ജലാലിന് എന്താണ് സംഭവിച്ചത്?“
“അതൊരു ദീന കഥയാണ് സുഹൃത്തേ..ഞാന്‍ പറയാം..” അയാള്‍ നെറ്റിയിലെ
വിയര്‍പ്പുതുള്ളികള്‍ തുടച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു.

ഒരു സാധു കുടുംബത്തിലെ അംഗമായിരുന്നു ജലാല്‍.അഞ്ചു പെങ്ങള്‍മാര്‍ക്ക്
കൂടി ഒരേ ഒരു ആങ്ങള.ജലാലിനു പതിനേഴു വയസുള്ളപ്പോള്‍ ഉപ്പ
മയ്യത്തായി.അതോടെ വീട് നോക്കേണ്ട ചുമതല ജലാല്‍ ഏറ്റെടുത്തു.രണ്ടു വര്‍ഷം

കഴിഞ്ഞു കാണും.ജലാലിന്റെ മൂത്ത പെങ്ങള്‍ക്ക് ഒരു ആലോചന വന്നു.പക്ഷെ എന്ത്
ചെയ്യാന്‍....?എങ്കിലും ബന്ധുക്കള്‍ ഒരു ഉപായം പറഞ്ഞു കൊടുത്തു.ജലാല്‍
ആദ്യം കെട്ടുക. സ്ത്രീധനം കിട്ടുന്ന തുക കൊണ്ട് പെങ്ങളെ
കെട്ടിക്കുക.അങ്ങിനെ പെട്ടെന്ന് തന്നെ വിവാഹം കഴിഞ്ഞു.വളരെ വൈകാതെ തന്നെ
പെങ്ങളെയും കെട്ടിച്ചയച്ചു.അത് കൊണ്ട് കഴിഞ്ഞോ?പിന്നെയും നാലു

പേര്‍.അങ്ങിനെ രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ജലാലിന്റെ ഭാര്യയുടെ
ഒരു ബന്ധു ഇങ്ങോട്ട് വിസ സംഘടിപ്പിച്ചു കൊടുത്തു.താമസിച്ചിരുന്ന വീടും

പറമ്പും പണയപ്പെടുത്തിയാണ് ഇവിടെ എത്തിയത്.“ഇത് പറയുമ്പോഴേക്കും പോലീസ്
വണ്ടി വന്നു നിന്നു.

ജലാലിന്റെ ബോഡി ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോയി.എന്നോട് പോകാന്‍
തിരക്കുണ്ടോ എന്ന് സതീശന്‍ ചോതിച്ചു.ഇല്ലെന്നു ഞാന്‍ മറുപടി
നല്‍കി.അയാള്‍ തുടര്‍ന്നു

“ ജലാലിനു രണ്ടു കുട്ടികള്‍ ജനിച്ചിരുന്നു.അറബിയുടെ കൂടെ തുച്ചമായ
കൂലിക്ക് ജോലി ചെയ്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് തോന്നിയത്
കൊണ്ടാകാം ജലാല്‍ അറബിയുടെ അടുക്കല്‍ നിന്നും ഓടി പോയി.രാത്രിയെന്നോ
പകലെന്നോ ഇല്ലാതെ പണിയെടുത്തു എല്ലാ സഹോദരി മാരേയും കെട്ടിച്ചയച്ചു.ഒപ്പം
സ്വന്തം മകളെയും.മകന്റെ കല്യാണം കൂടി കഴിഞ്ഞതോടെ നാട്ടില്‍ നിന്നുള്ള

കത്തുകളും നിലച്ചു.എങ്കിലും ഭാര്യയുടെ പേര്‍ക്ക് മുടങ്ങാതെ പണമയച്ചു
കൊണ്ടിരുന്നു.പിന്നീട് നാട്ടില്‍ നിന്ന് വന്ന ഒരാള്‍ പറഞ്ഞാണ്‌ അറിഞ്ഞത്
- ജലാലിന്റെ ഭാര്യ മറ്റൊരാളോടൊപ്പം കഴിയുകയാണെന്ന്.......!“
എന്റെ മനസിലെ ഞെട്ടല്‍ അയാള്‍ തിരിച്ചറിഞ്ഞു.എന്റെ ചുമലില്‍ കൈവച്ചു
കൊണ്ട് സതീശന്‍ തുടര്‍ന്നു.അയാളുടേ മുഖത്തെ നിര്‍വികാര എന്നെ
അത്ഭുതപ്പെടുത്തി.ആയാള്‍ക്ക് ഇത് ആദ്യ അനുഭവമായിരിക്കില്ല എന്നു
തോന്നി.അയാള്‍ എത്ര പ്രവാസി ജീവിതങ്ങള്‍ കണ്ടതാണ്..
അയാള്‍ തുടര്‍ന്നു
“പിന്നീട് ജലാല്‍ ആരോടും അധികം സംസാരിച്ചിട്ടില്ല.രാത്രി കാലങ്ങളില്‍

എന്തൊക്കെയോ പുലമ്പി നടക്കുമായിരുന്നു.പക്ഷെ അതിനു ശേഷവും ഭാര്യക്ക്‌ പണം
അയക്കുന്നത് അയാള്‍ തുടര്‍ന്ന് കൊണ്ടിരുന്നു....!
ചോദിച്ചാല്‍ പറയും ; എനിക്കെന്തിനാടോ പണം? പിന്നെ ഞാന്‍ ആര്‍ക്കാ
കൊടുക്കുക ?എന്നൊക്കെ ..“
“അയാള്‍ ഭാര്യയേയുംകുട്ടികളേയും ഭ്രാന്തമായി സ്നേഹിച്ചിരുന്നു.മരിച്ചു
കിടക്കുമ്പോളും അയാള്‍ അവരുടെ ഫോട്ടോ നെഞ്ചോട് ചേര്‍ത്തുവച്ചിരുന്നു“
കുറച്ചു സമയം മൌനം ഞങ്ങള്‍ക്കു മുമ്പില്‍ തളം കെട്ടി നിന്നു.മനസിനു
വല്ലാത്ത മരവിപ്പ്..
“മൃതശരീരം എങ്ങോട്ടാണ് കൊണ്ടു പോകുന്നത്“ ? ഞാന്‍ ചോദിച്ചു
“അടുത്ത് ഒരു അറബ് ശ്മശാനമുണ്ട്.അനാഥ ശവങ്ങള്‍ മറവ് ചെയ്യുന്നിടം.അവിടേയ്ക്കാവും..“
സതീശന്‍ വീണ്ടും കാണാം എന്നു പറഞ്ഞു നടന്നു.മറഞ്ഞു.
മനസ് വല്ലാതെ വ്യാകുലമായിരിക്കുന്നു..കണ്മുന്നില്‍ ജലാലിന്റെ ദീന മുഖമാണ്..
ജീവിതം ആയാള്‍ക്കൊരു തടവറയായിരിന്നു
ഇന്ന് അയാള്‍ സ്വതന്ത്രനായിരിക്കുന്നു....
കുറച്ചു സമയത്തിനുള്ളീല്‍ പ്രവാസികളും,നിവാസികളുമായ ഒരു കൂട്ടം
അനാഥാത്മാക്കള്‍ക്കിടയില്‍ ജലാല്‍ ഒരു ഖബര്‍ മാത്രമായി മാറും.ആ ഖബറില്‍
മനസു കൊണ്ട് ഒരു പിടി പച്ചമണ്ണൂ വാരിയിട്ട് ഞാന്‍ ജോലി സ്ഥലത്തേയ്ക്ക്
നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല: